വയോധികർ തമ്മിലുണ്ടായ വാക്കേറ്റം;സ്ക്രൂഡ്രൈവർ വെച്ച് കുത്തി കൊലപെടുത്തി

crime
 

കോട്ടയം ഏറ്റുമാനൂരിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റത്തെയും  തർക്കത്തിത്തെയും തുടർന്ന് വയോധികൻ കുത്തേറ്റു മരിച്ചു. പുന്നത്തുറ വെസ്റ്റ് മാമ്മൂട്ടിൽ എം.കെ.കുഞ്ഞുമോനാണ് (69) മരിച്ചത്. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമായത് .

ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതർക്കത്തിനിടെ സ്‌കൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നുമാണ് സൂചന.  സംഭവത്തിൽ കുഞ്ഞുമോനെ കുത്തിയ കട്ടച്ചിറ രതീഷ് ഭവനിൽ അക്ഷരം രവി (79) പൊലീസ് പിടിയിലായി. 

സ്വന്തം കൃഷിയിടത്തിലെ ജോലികൾക്കായി എത്തിയ കുഞ്ഞുമോനും രവിയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, കയ്യിലിരുന്ന സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് രവി കുഞ്ഞുമോനെ കുത്തുകയുമായിരുന്നതായി പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.