ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; മൂന്ന് പേർ പിടിയിൽ

arrest
 


കൊച്ചി: ആയുർവേദ മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ മൂന്ന് പേർ പിടിയിൽ. നെല്ലാട് സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.

ഒറ്റപ്പാലം പാലപ്പുറം എട്ടുങ്ങൽപ്പടി വീട്ടിൽ ബിനീഷ് (43), തിരുപ്പൂർ സന്തപ്പെട്ട ശിവ (അറുമുഖൻ 40), കഞ്ചിക്കോട് ചെമ്മണംകാട് കാർത്തികയിൽ (പുത്തൻ വീട്) ശ്രീനാഥ് (33) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. 

വെളളിയാഴ്ചയാണ് സംഭവം. ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്. തുടർന്ന് ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ചെന്ന ഇദ്ദേഹത്തെ ബലമായി വണ്ടിയിൽ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മർദ്ദിച്ചു. 42 ലക്ഷം രൂപ നൽകിയിലെങ്കിൽ കൊലപ്പെടുത്തുമെന്ന് മകനെ വിളിച്ച് ഭീഷണിപ്പെടുത്തി. 

മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രത്യേക ഓപ്പറേഷനിലൂടെ തിരുപ്പൂരിൽ നിന്നു പ്രതികളെ പിടികൂടി ഉടമയെ മോചിപ്പിക്കുകയുമായിരുന്നു.