മയക്കുമരുന്ന് വില്‍പ്പന ;ദമ്പതികളടക്കം മൂന്ന് പേർ എക്‌സൈസ് പിടിയിൽ

arrest
 മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന ദമ്പതികളടക്കം മൂന്ന് പേർ എക്‌സൈസ് പിടിയിലായി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല, ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്‍, ഇയാളുടെ ഭാര്യ സീനത്ത്  എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. 

ഉബൈദുല്ലയുടെ ബൈക്കില്‍ നിന്ന് എംഡിഎംഎയും അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍നിന്ന് കഞ്ചാവുമാണ് പിടിച്ചെടുത്തത്.അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ്  ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.