ഇടുക്കിയില്‍ ഏഴാംക്ലാസ്സുകാരിക്ക് നേരെ പീഡനശ്രമം; പിതാവും ബന്ധുവും അറസ്റ്റിൽ

rape
 

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2022 മെയ് മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിംഗിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും പുറമെ പിതാവിന്റെ സുഹൃത്തും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. 
ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനശ്രമം. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

അമ്മ മരിച്ചതിനു ശേഷം ഹോസ്റ്റലില്‍ നിന്നായിരുന്നു കുട്ടിയുടെ പഠനം. ഇതിനിടയില്‍ വീട്ടിലെത്തിയ ഘട്ടത്തിലാണ് പിതാവില്‍ നിന്നും പീഡനശ്രമമുണ്ടായത്. ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു ബന്ധുവില്‍ നിന്നും കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതനായ സുഹൃത്ത് നിലവില്‍ വിദേശത്താണ്. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.