ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി; ബൈക്ക് യാത്രക്കാരനെ അപരിചിതൻ വിഷം കുത്തിവച്ച് കൊലപ്പെടുത്തി

bike
 

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതൻ ബൈക്ക് യാത്രക്കാരനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ട വല്ലഭി ഗ്രാമത്തിൽ വച്ചാണ് സംഭവം. ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവാവ് കർഷകനായ ജമാൽ സാഹിബിനെയാണ് വിഷം കുത്തി വച്ച്  കൊലപ്പെടുത്തിയത്.

തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിന് കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടരുകയും ചെയ്തു. കുറച്ച് യാത്ര ചെയ്ത ശേഷമാണ് ഇയാൾ ജമാലിന്റെ തോളിൽ വിഷം കുത്തി വച്ചത്. വേദന കൊണ്ട്  ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീഴുകയും ചെയ്തു. നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം ലിഫ്റ്റ് ചോദിച്ച യുവാവ് ഓടി രക്ഷപെടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. 

സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ വിശദമായ പൊലീസ് അന്വേഷണം നടക്കുകയാണ് .