പൊലീസ് എത്തിയതറിഞ്ഞ് വാട്ടര്‍ ടാങ്കില്‍ കയറി ഒളിച്ചു;വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതി പിടിയിൽ

arrest
 വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ ഗുണ്ടയെ പൊലീസ് പിടികൂടി. പൊലീസ്  എത്തിയതറിഞ്ഞ് ഇയാള്‍ വാടക വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിച്ചുവെങ്കിലും പിടികൂടുകയായിരുന്നു.ഏറ്റുമാനൂര്‍ സ്വദേശിയായ ബുധലാല്‍ വി ജോസിനെ ബംഗലൂരുവില്‍ നിന്നാണ് പിടികൂടിയത്.  കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞമാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെയാണ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കത്തിക്ക് വെട്ടിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗലൂരുവിലെ സായ്നഗറിലുള്ള വാടകവീട്ടില്‍ നിന്ന് പിടികൂടിയത്.

ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ബുധലാല്‍. ജില്ലയിലെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നി സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്.