തൃശൂരിലെ എംഡിഎംഎ കേസ്; രണ്ട് പേർ കൂടി പിടിയിൽ

drugs
 

തൃശൂർ: തൃശൂർ കയ്പമംഗലം എംഡിഎംഎ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. 

മുഖ്യപ്രതിയുമായുളള തെളിവെടുപ്പിനിടെയാണ് സിതിനെ പിടികൂടിയത്. ഇന്നലെയും ഇതേ കേസിൽ രണ്ട് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 5.5ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. 250ലേറെ വിദ്യാർഥികൾക്ക് പ്രതികൾ എംഡിഎംഎ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്കടക്കം എംഡിഎംഎ വിതരണം ചെയ്ത കേസിലെ പ്രധാന പ്രതി അരുണിനെ എക്സൈസിന് കഴി‌ഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ കിട്ടിയത്. ലഹരി ഇടപാടുകൾക്കായി അരുണിനെ നിരന്തരം ബന്ധപ്പെട്ടിരുന്ന ആളാണ് സിതിൻ.

തെളിവെടുപ്പിന്റെ ഭാഗമായി സിതിന്റെ വീട്ടിലെത്തിയപ്പോഴാണ് 10 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. സിതിന്റെ കൂട്ടാളിയാണ് പിടിയിലായ സിജോ. ലഹരി ഇടപെടുമായി ബന്ധപ്പെട്ട് എക്സൈസിന് ലഭിച്ച ലിസ്റ്റിലെ എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. പിടിയിലായവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായായിരുന്നു ലിസ്റ്റ്.