ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവ സീരിയൽ നടിയെ നാട്ടിലെത്തിച്ചു

fraud
ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളിയായ യുവ സീരിയൽ നടിയെ തട്ടിപ്പിനിരയാക്കി. മലയാളി സന്നദ്ധ സംഘടനയായ 'ഓർമ'യുടെ പ്രവർത്തകർ ഇടപെട്ട് തട്ടിപ്പിനിരയായി തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു. ഒട്ടേറെ പരിപാടികളിൽ അവതാരകയും ടെലിവിഷൻ സീരിയലുകളിൽ നടിയുമായിരുന്നു. 

ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജൻസി  നടിയും മറ്റു ഏഴ് യുവതികളും സന്ദർശക വീസയിൽ സെപ്റ്റംബർ 2ന് ചെന്നൈയിൽ നിന്ന് ദുബായിലെത്തിച്ചത്. ഇതിൽ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. എന്നാൽ, ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഇവരെ ദുബായ് ദെയ്റയിലെ ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ ഹോട്ടലുടമയും വീസ ഏജന്റിന്റെ കൂട്ടാളികളും നിർബന്ധിക്കുകയായിരുന്നു.മറ്റു യുവതികൾ ഈ ജോലിക്ക് തയാറായപ്പോൾ നടി തയാറാകാതിരുന്നതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ബാറിലെത്തുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഹോട്ടലിന് പുറത്തുപോകാനും നിർബന്ധിച്ചിരുന്നതായി നടി പറഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ നടിക്ക് മൊബൈല്‍ ഫോണും സിം കാർഡും നൽകിയിരുന്നു. 

അതിനിടെ ഓർമ സംഘടനയിലെ അംഗങ്ങളുമായി മൊബൈലിൽ ബന്ധപ്പെടാൻ നടിക്ക് അവസരം കിട്ടിയതോടെ കമ്മറ്റി പ്രതിനിധികൾ നോർക്കയുമായി ബന്ധപ്പെടുകയും യുഎഇയിലുള്ള വൈസ് ചെയർമാൻ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രശ്നത്തിൽ  ഇടപെടുകയും ചെയ്തു. തുടർന്ന് ദുബായ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ  സഹായത്തോടെ  നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു.