മറ്റുള്ളവരുടെ നമ്പറുകൾ സ്പൂഫ് ചെയ്ത് അസഭ്യവും ഭീഷണിയും;സോഷ്യൽ മീഡിയയിൽ ‘മാർലി'അറസ്റ്റിൽ

arrest
 

വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്ന ആൾ പിടിയിൽ.കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.  സോഷ്യൽ മീഡിയയിൽ ‘മാർലി’ എന്ന പേരിൽ ആണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സൗദി അറേബ്യയിൽ നിന്നായിരുന്നു ഇയാളുടെ ഫോൺ വിളികൾ.മറ്റുള്ളവരുടെ നമ്പറുകൾ സ്പൂഫ് ചെയ്താണ് ഇയാൾ ഫോൺവിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. ഈ കോളുകൾ റെക്കോർഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

രാഷ്ട്രീയക്കാരെയും കളക്ടർമാരെയും പൊലീസ് ഉദ്യോ​ഗസ്ഥരേയും ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽ നിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്യും. തുടർന്ന് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് തെറിവിളിക്കും. 

ഹബീബ് റഹ്‌മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവർക്ക് മറ്റുള്ളവരുടെ നമ്പറുകളാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോഡ് എതിരാളികൾക്ക് അയച്ചുകൊടുത്ത് ഇയാൾ അവരെ ഭീഷണിപ്പെടുത്തി. നാലുമാസത്തോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പിടികൂടിയത്