കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കി; അധ്യാപകൻ അറസ്റ്റിൽ

arrest
 


കണ്ണൂർ: കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ് ഫൈസൽ. 

തളിപ്പറമ്പ് പോലീസിന് ലഭിച്ച അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ ഇതുവരെ 17 പരാതികൾ പോലീസിൽ ലഭിച്ചതായാണ് വിവരം.

വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴായിരുന്നു സംഭവം പുറത്തുവന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കുറേ നാളുകളായി വിദ്യാർഥിനികളെ സ്കൂളിൽ വെച്ച് തന്നെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.

പതിനേഴോളം വിദ്യാർഥിനികൾ സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയതായാണ് വിവരം. വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.