ചായക്ക് മധുരം കുറഞ്ഞു; മലപ്പുറത്ത് ഹോട്ടല്‍ ഉടമയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്

crime knife
 

മലപ്പുറം: മലപ്പുറം താനൂരില്‍ ചായക്ക് മധുരം കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. കുത്തേറ്റ ഹോട്ടലുടമ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ സുബൈറിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 

താനൂര്‍ വാഴക്കാതെരു അങ്ങാടിയില്‍ രാവിലെയായിരുന്നു സംഭവം. മനാഫിന്റെ ഉടമസ്ഥതയിലുള്ള  ടിഎ റസ്റ്റോറന്റില്‍ ചായ കുടിക്കാനെത്തിയതായിരുന്നു സുബൈര്‍. ചായക്ക് മധുരമില്ലെന്ന പേരില്‍ ഹോട്ടലുടമയോട് തര്‍ക്കിക്കുകയായിരുന്നു. ഒടുവില്‍ ഇത് ഉന്തും തള്ളുമായി. പിന്നീട് കടയില്‍ നിന്നും പോയ സുബൈര്‍ അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും ഹോട്ടലില്‍ തിരിച്ചെത്തി  ആക്രമിക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. 
 

അതേസമയം, വയറിന് പരിക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ താനൂരില്‍ വ്യാപാരി ഹര്‍ത്താല്‍ നടത്തി.