തൃശൂരിൽ പട്ടാപ്പകൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 80 പവൻ മോഷ്ടിച്ചു

Theft in house at Kunnamkulam
 

തൃശൂർ: തൃശൂർ കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. ശാസ്ത്രജീനഗർ പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. 


ഉച്ചയ്ക്ക് മുമ്പാണ് സംഭവം. വീട്ടിലെ ആളുകൾ ഒരു വിവാഹത്തിന് പോയ സമയത്തായിരുന്നു കവർച്ച. രാവിലെ പത്തിനാണ്‌ ഇവർ പോയത്. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. 

ഇവർ പുറത്തായിരുന്ന രാവിലെ പത്തിനും രണ്ടിനും ഇടയ്ക്കാണ് മോഷണം നടന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാർ പുറത്തുപോവുന്നത് അറിയാവുന്ന ആളാണ് പിന്നിലെന്നാണ് സംശയം.
  

വീട്ടുടമയായ ദേവി എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. രാജന് എത്യോപ്യയിലാണ് ജോലി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം നടക്കുന്നത്.