വനിതാ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗംചെയ്തു;കോൺഗ്രസ് നേതാവിനെതിരെ കേസ്

rape
 

വനിതാ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിയാണ് പരാതിക്കാരി.തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ്  പൊലീസ് കേസെടുത്തത്. 

 2020 ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പരാതിക്കാരിയെയും പാര്‍ട്ടി നിയോഗിച്ചിരുന്നു. ഇതുപ്രകാരമാണ് യുവതി നാരായണ്‍പേട്ടിലെത്തിയത്. തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിയെയും കാണുകയും പരിചയപ്പെടുകയും ചെയ്തു. ഈ പരിചയത്തിൽ  ശിവകുമാര്‍ റെഡ്ഡി പരാതിക്കാരിക്ക് വിവാഹവാഗ്ദാനം നല്‍കി. നിലവിലെ ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ ഗുരുതരരോഗിയാണെന്നും മൂന്നു വര്‍ഷത്തിനപ്പുറം ആയുസ്സില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും മറുപടി നല്‍കിയതായി പരാതിക്കാരി പറയുന്നു.

പിന്നീട് ശിവകുമാര്‍ റെഡ്ഡി ഹോട്ടലില്‍ വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി ബോധം കെടുത്തി ബലാത്സംഗം ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ഒരുതവണ മദ്യപിച്ച് തന്റെ റൂമിലെത്തിയ ശിവകുമാര്‍ റെഡ്ഡി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും, വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. ശിവകുമാര്‍ റെഡ്ഡിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.