പട്ടാപ്പകൽ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

murder
 

തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. വലപ്പാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഹബീബാണ് തളിക്കുളം സ്വദേശി ഷാജിതയെ കൊല്ലപ്പെടുത്തിയത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പാണ് ഹബീബ് ഷാജിതയുമായി പരിചയത്തിലായത്. തുടർന്ന് ദീർഘകാലമായി ഇരുവരും സൗഹൃദത്തിലായിരുന്നു. കട ബാധ്യതയിലായിരുന്ന ഹബീബ് ഇതിന്റെ അടിസ്ഥാനത്തിൽ പണയം വയ്ക്കാൻ ഷാജിതയുടെ സ്വർണ്ണം ആവശ്യപ്പെട്ടു. ഇന്ന് വന്നാൽ സ്വർണം നൽകാമെന്ന് ഷാജിത അറിയിച്ചതിനെത്തുടർന്ന് ഷാജിതയുടെ തളിക്കുളത്തെ വീട്ടിലേക്ക് ഹബീബ് എത്തുകയും ചെയ്തു.

എന്നാൽ ഹബീബ് എത്തിയതോടെ ഇപ്പോൾ സ്വർണ്ണം നൽകാൻ കഴിയില്ലെന്നും സാവകാശം വേണമെന്നും ഷാജിത ആവശ്യപ്പെട്ടു. ഇതിന്റെ ദേഷ്യത്തിൽ ഷാജിതയെ ഹബീബ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തടഞ്ഞു വച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് ഹബീബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.