ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നഗ്നനാക്കി ചിത്രങ്ങൾ പകർത്തി

lynch
 

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു. അക്രമിസംഘം നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയെന്നും മൊബൈൽ ഫോൺ കവർന്നെന്നും കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസ് പറഞ്ഞു. 


ഒരു ദിവസം വൈകീട്ട് ആറര മുതൽ പിറ്റേന്ന് രാത്രി ഒമ്പതരവരെ മർദനം തുടർന്നെന്ന് ഫർഹൽ അസീസ് പറഞ്ഞു. കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ പാടുകളുണ്ട്. ഇരുമ്പ് വടിയും ബെൽറ്റും ഉപയോഗിച്ചാണ് മർദിച്ചതെന്ന് യുവാവ് പറഞ്ഞു. 

അക്രമിസംഘത്തിൽപ്പെട്ട യുവാവിന്റെ സഹോദരിയുമായി ഫർഹൽ അസീസിനുണ്ടായ സൗഹൃദമാണ് മർദനത്തിന് കാരണമെന്നാണ് സൂചന. അക്രമിസംഘത്തിന്റെ ഭീഷണി ഭയന്ന് വണ്ടിയിൽനിന്ന് വീണതാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. പിന്നീട് ഗുരുതര പരിക്ക് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ കൂടുതൽ അന്വേഷിച്ചപ്പോഴാണ് മർദനത്തിനിരയായ വിവരം യുവാവ് വെളിപ്പെടുത്തിയത്.  

ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.