![chungath new advt]()
പാലോട് /തിരുവനന്തപുരം : ആറുമാസത്തിനിടെ ഒരേ വീട്ടില്‍ മൂന്നു തവണ മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ബൗണ്ടര്‍മുക്ക് മീരാൻ വീട്ടിക്കരിക്കകം ബ്ലോക്ക് 9ല്‍ മിഥുൻ (19), പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്തു വീട്ടില്‍ അഭിലാഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
പാലോട് മത്തായികോണത്തു സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടന്നത്. ലോറി ഡ്രൈവറായ സ്മിതയുടെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം ഭാര്യയെയും കുട്ടികളെയും കുടുംബ വീട്ടില്‍ താമസിപ്പിക്കുന്ന വിവരം മനസിലാക്കിയാണ് പ്രതികള്‍ മോഷണം നടത്തിയത്. അവസാനം മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
പാലോട് എസ്.എച്ച്.ഒ പി. ഷാജിമോൻ, എസ്.ഐമാരായ നിസാറുദീൻ, റഹിം, ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.