പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽ ദേഷ്യം; ഭാര്യയേയും മക്കളേയും വെട്ടി ഗൃഹനാഥന്‍

crime

നെയ്യാറ്റിൻകര: മകളുടെ വിവാഹം പ്രണയിച്ച യുവാവുമായി നടത്തുന്നതിൽ പ്രകോപിതനായ ഗൃഹനാഥൻ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. തൻ്റെ അനുവാദം ഇല്ലാതെ വിവാഹം നടത്താൻ ഇവർ ഒരുങ്ങിയതാണ് കാരണം. എന്നാൽ തലയ്‌ക്കേറ്റ പരിക്കുമായി കതിർ മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. 

ഭാര്യയേയും മക്കളേയും വെട്ടിയതിന് ശേഷം പിതാവ് ഒളിവിൽ പോയിരുന്നു. എന്നാൽ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. ആറാലുംമൂട് പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഭാര്യയേയും മക്കളേയും ഇയാൾ ആക്രമിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടർ കമ്പനിയിൽ ജീവനക്കാരിയായ മകൾ ഒപ്പം ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തിൽവെച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു.