അമ്മയെ മർദ്ദിച്ചതിൽ തടയാൻ ശ്രമിച്ചപ്പോൾ ജേഷ്ഠന്റെ കുത്തേറ്റ് അനിയൻ മരിച്ചു

knife
കോലഞ്ചേരി: മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിച്ച യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു. മറ്റക്കുഴി വരിക്കോലി അയിരാറ്റില്‍ പരേതനായ ഹരിഹരന്റെ ഇളയ മകന്‍ ശ്രീനാഥാണ് (29) ജ്യേഷ്‌ഠന്‍ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീനാഥ് മാതാവ് റിട്ട. ഡോ. സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു.ജ്യേഷ്ഠന്‍  ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. മല്‍പ്പിടിത്തത്തിനിടെ കൈയ്യില്‍ കിട്ടിയ ചെറിയ കത്രിക ഉപയോഗിച്ച്‌ ശ്രീകാന്ത് അനുജനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് ശ്രീനാഥ് കുഴഞ്ഞുവീണു.

മദ്യലഹരിയില്‍ കുഴഞ്ഞു വീണെന്നു പറഞ്ഞ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍, ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ശ്രീനാഥ് മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ നെഞ്ചിനുസമീപത്തെ മുറിവ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു.

കളമശ്ശരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ കത്രികക്കുത്തേറ്റ് ഹൃദയ വാല്‍വിലുണ്ടായ ദ്വാരമാണ് മരണ കാരണമായതെന്ന് വ്യക്തമായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠന്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ ശ്രീകാന്ത് കുറ്റം സമ്മതിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പ്രതിയെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.