മന്ത്രവാദ പൂജയുടെ മറവില്‍ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ

sd
 

കൊച്ചി: പൂജ നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയോടാണ് അമീർ പൂജയ്ക്കിടെ മോശമായി പെരുമാറിയത്. 

പെൺകുട്ടിക്ക് ചില ദോഷങ്ങളുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ മന്ത്രവാദിയെ സമീപിച്ചത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ പെൺകുട്ടിക്ക് ചരട് കെട്ടുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവും തുടങ്ങി. നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു.

പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം അമീറിന്‍റെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.