സ്ത്രീകളെ അപമാനിച്ച കേസ്:യൂട്യൂബർ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

vijay p nair case

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതി വിജയ് പി നായര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.തമ്പാനൂര്‍ പൊലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരെയാണ് പ്രതി വിജയ് പി നായര്‍ അപമാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയതിന് എതിരെയാണ് ഭാഗ്യലക്ഷ്മി പ്രതിക്കെതിരെ പരാതി നല്‍കിയത്.

അതേസമയം വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ പൊലീസ് ഇതേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിജയ് പി നായര്‍ക്ക് ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയക്കുകയും ചെയ്തു.