വൈദ്യശാലയുടെ മറവില്‍ കഞ്ചാവുവില്പനയെന്ന പരാതി; പോലീസിനു കിട്ടിയത് ആയുധങ്ങളും കാട്ടുമൃഗങ്ങളുടെ കൊമ്പും ശരീരഭാഗങ്ങളും

crime

വിതുര: വൈദ്യശാലയുടെ മറവില്‍ കഞ്ചാവുവില്പനയെന്ന പരാതിയെ തുടർന്ന്  അന്വേഷിക്കാനെത്തിയ പോലീസിന് കിട്ടിയത് ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും ശരീരഭാഗങ്ങളും. ചാരായവും വാറ്റുപകരണങ്ങളും മുപ്പതു വെടിയുണ്ടയും പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിതുര കല്ലുവെട്ടാന്‍കുഴിയിലെ അഗസ്ത്യ എന്ന വൈദ്യശാലയുടെ ഉടമസ്ഥന്‍ വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനില്‍ വിക്രമന്‍, സഹായി കല്ലുവെട്ടാന്‍കുഴി ഫിറോസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന സഞ്ജു എന്നിവരെ അറസ്റ്റുചെയ്തു.

40 വര്‍ഷമായി വീട്ടില്‍ വൈദ്യശാല നടത്തുകയാണ് വിക്രമന്‍. ഒരു മാസം മുന്പാണ്  ഇയാള്‍ കൊപ്പം കല്ലുവെട്ടാന്‍കുഴിയില്‍ വൈദ്യശാല തുറന്നത്. അവിടെനിന്നു കൊടുക്കുന്ന അരിഷ്ടത്തിലും ലേഹ്യങ്ങളിലും കഞ്ചാവിൻ്റെ  അംശമുണ്ടെന്ന് പോലീസ് മേധാവി പി.കെ.മധുവിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വൈദ്യശാലയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുതൈലം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വിക്രമന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവ്, കഷണങ്ങളാക്കിയ ആനക്കൊമ്പ്, കാട്ടുപോത്ത്, മ്ലാവ്, മാന്‍ എന്നിവയുടെ കൊമ്പ്, കാട്ടുപന്നിയുടെ പല്ല്, മുള്ളന്‍പന്നിയുടെ മുള്ള്, കുറുക്കന്‍, പന്നി, മലയണ്ണാന്‍, മയില്‍ തുടങ്ങിയവയുടെ മാംസം, മയില്‍പ്പീലി എന്നിവ കണ്ടെടുത്തു.

ഇയാളുടെ സഹായി സഞ്ജുവിന്റെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. പോലീസെത്തുമ്പോള്‍ സഞ്ജു വ്യാജവാറ്റിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇവിടെനിന്ന് മുപ്പതോളം വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്. വന്യജീവികളുടെ ശരീരഭാഗങ്ങളും ആയുധങ്ങളും വനംവകുപ്പിനു കൈമാറിയതായി പോലീസ് അറിയിച്ചു.