ഡെലിവറി ബോയിക്ക് നേരെ പോലീസുദ്യോഗസ്ഥൻറെ ക്രൂരമായ മർദ്ദനം

crime case tamilnadu
തമിഴ്നാട്ടില്‍ സൊമാറ്റോ ഡെലിവറി ബോയിക്ക് നേരെ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് സംഭവം.ഡെലിവറി ജീവനക്കാരനായ വെങ്കിടേഷിനെയാണ് ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മരാജ് എന്ന ഉദ്യോഗസ്ഥൻ  ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചത്. 

മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാല്‍, 600 രൂപ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വെങ്കിടേഷും ധര്‍മ്മരാജും തമ്മില്‍ തര്‍ക്കം നടക്കുന്നതാണ് വീഡിയോയിലുള്ളത്.വെങ്കിടേഷിന്‍റെ പക്കല്‍ ആവശ്യമായ വാഹനരേഖകള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

വെങ്കിടേഷ് ധര്‍മ്മരാജിന്‍റെ തോളില്‍ പിടിക്കുന്നതും ധര്‍മ്മരാജ് ഉടന്‍ വെങ്കിടേഷിനെ ആക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് വെങ്കിടേഷിനെതിരെ കേസെടുത്തിരിക്കുന്നത്. 

പരിഭ്രാന്തരായ വഴിയാത്രക്കാര്‍ വെങ്കിടേഷിനെ ഇടിക്കുന്നത് നിര്‍ത്താന്‍ ധര്‍മ്മരാജിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം മര്‍ദ്ദനം നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ മറ്റൊരു പൊലീസ് ഇടപെട്ട് വെങ്കിടേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.