സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

ലീന മരിയ
 

 
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസിലാണ് ലീന അറസ്റ്റിലായത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസില്‍ സുകേഷ് ചന്ദ്രശേഖറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന ലീന മരിയയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് കേസില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.


അണ്ണാ ഡിഎംകെയുടെ ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹായിക്കാമെന്ന് പറഞ്ഞ് ശശികല സംഘത്തില്‍ നിന്ന് 50 കോടി തട്ടിയ കേസും അന്വേഷണത്തിലാണ്.

ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ സുകേഷിനെ 16 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് അറിയിച്ചു. മോക്ക പ്രകാരം ലീനയെ അറസ്റ്റ് ചെയ്തതായും ഇപ്പോള്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.