കുടുംബവഴക്ക്; മലപ്പുറത്ത് ഭാര്യയ്ക്കു നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം

acid attack
 

മലപ്പുറം: പാണ്ടിക്കാട് ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. വണ്ടൂർ സ്വദേശി ഷാനവാസാണ് ഭാര്യയെ ആക്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഭാര്യ ഫഷാന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കുടുബ പ്രശ്‌നമാണ് ഷാനവാസിനെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഫഷാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഫഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റു.

ഒരു വർഷമായി ദമ്പതികൾ പിരിഞ്ഞുതാമസിക്കുകയാണ്. വീട്ടിലേക്ക് തിരികെവരണമെന്ന ആവശ്യവുമായായിരുന്നു ആക്രമണം. അടുത്തുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് പിടിച്ചുമാറ്റി.

ഒരു വർഷം മുൻപ് ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ട്. ആ സമയത്ത് അമ്മാവനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ്.