എം.ഡിയുടെ ചിത്രം വച്ച് ഓൺലൈൻ തട്ടിപ്പ്; സ്ഥാപനത്തില്‍ നിന്ന് 35 ലക്ഷം തട്ടിയ അഞ്ച് യു.പി സ്വദേശികൾ അറസ്റ്റിൽ

google news
Five natives of UP were arrested for stealing 35 lakhs from the institution
 chungath new advt

പാലാ: പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യു.പി ഔറാദത്ത് സന്ത്കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇവര്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

സ്ഥാപനത്തിലെ എം.ഡിയുടെ വാട്‌സ്ആപ്പ് മുഖചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എം.ഡി.ആണെന്ന വ്യാജേന വ്യാജ വാട്‌സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും സന്ദേശം അയച്ചു. കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികള്‍ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഇവര്‍ ഉത്തര്‍പ്രദേശിലെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഏ.ജെ തോമസ്, പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍ , രാമപുരം എസ്.ഐ മനോജ് പി.വി, എ.എസ്.ഐ മാരായ ബിജു കെ, സ്വപ്ന, സി.പി.ഓമാരായ സന്തോഷ്, ജോഷി മാത്യു, ശ്രീജേഷ് കുമാര്‍, ജിനു ആര്‍ നാഥ്,രാഹുല്‍ എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു