വയറ്റിൽ 992 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്തി; കരിപ്പൂരില്‍ ഒരാള്‍ അറസ്റ്റിൽ

gold
 

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്ന്‍ കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗുകളും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ എടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് വയറ്റില്‍ സ്വര്‍ണമടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്.