ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയെ പിതാവുൾപ്പെടെ 28 പേർ പീഡിപ്പിച്ചതായി പരാതി

crime
ഉത്തർപ്രദേശ്: വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന  ക്രൂര പീഡനങ്ങൾക്കെതിരെ പരാതിയുമായി പതിനേഴുകാരി. പന്ത്രണ്ട് വയസ്സുമുതൽ താൻ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായാണ് പതിനേഴുകാരി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം പിതാവുൾപ്പെടെ ഇരുപത്തിഎട്ട് പേർക്കെതിരെയാണ് പരാതി നൽകിയത്. ഉത്തർപ്രദേശിലെ ലലിദ്പൂർ ജില്ലയിലാണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ട്രക്ക് ഡ്രൈവറായ പിതാവിൽ നിന്നായിരുന്ന ആദ്യ ദുരനുഭവം നേരിടേണ്ടി വന്നത്. എതിർത്തപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്കിലെത്തിച്ച് പീഡിപ്പിച്ചതായും കുട്ടി മൊഴി നൽകി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്നായിരുന്നു പിതാവിൻ്റെ ഭീഷണി.

ആ സംഭവത്തിന് ശേഷം ഭക്ഷണത്തിൽ മയക്ക് മരുന്ന് നൽകി തന്നെ ഹോട്ടൽ മുറിയിൽ എത്തിച്ചെന്നും ഉണർന്നപ്പോൾ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഇല്ലായിരുന്നെന്നും അതി കഠിനമായ വേദന അനുഭവപ്പെട്ടെന്നും കുട്ടി പറഞ്ഞു. തുടർന്ന് പലരും ക്രൂരമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. എതിർത്തപ്പോഴൊക്കെ അച്ഛന് പണം നൽകി എത്തിയവരാണെന്ന് പറഞ്ഞ് അവർ ആക്രോശിച്ചിരുന്നു.

പീഡനം ചെറുത്തപ്പോൾ പിതാവ് തന്നെ ആറാംക്ലാസിൽ പഠിക്കുമ്പോൾ ഉപദ്രവിച്ചതിൻ്റെ  ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. സമാജ് വാദി പാർട്ടിയിലെ നേതാക്കളും തൻ്റെ  അടുത്ത ബന്ധുക്കളും പിതാവിനൊപ്പം ചേർന്ന് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പിതാവുൾപ്പെടെ 28 പേർക്ക് എതിരെ പോലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങി.