ബിലീവേഴ്‍സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്‍ഡ് തുടരുന്നു; കാറില്‍ നിന്ന് ഏഴ് കോടികൂടി പിടിച്ചു

ബിലീവേഴ്‍സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്‍ഡ് തുടരുന്നു; കാറില്‍ നിന്ന് ഏഴ് കോടികൂടി പിടിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി. ഇതോടെ പതിനാലര കോടി രൂപ ആകെ കണ്ടെത്തി.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെതാണ് ഈ കാര്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

ബിലീവേഴ്സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കോളേജ് സ്കൂൾ ആശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾ നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. ഹാരിസൺ മലയാളത്തിന്‍റെ കയ്യില്‍ സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റിന്‍റെയും തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളളിൽ വാങ്ങിയ കെട്ടിടങ്ങളുടേയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും സാമ്പത്തിക സ്രോതസും ആദായനികുതി വകുപ്പ് പരിശോധിച്ചു.

ബിലിവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ വെളുപ്പിനെ മുതലാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്. ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്‍റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.