വിസയുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്

knife
 

കൊച്ചി: എറണാകുളം നഗരത്തിൽ യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ ട്രാവൽസിലാണ് സംഭവം. വീസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളി ജെയിംസ് അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി.

ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളി ഓടിക്കൂടിയവരോട് പറഞ്ഞു. തൊട്ടടുത്ത തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി. 

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു