കണ്ണൂരിൽ സഹോദരന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതി പിടിയിൽ

dead body
 


കണ്ണൂർ: കണ്ണൂർ ധർമടത്ത് സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ ധര്‍മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. പ്രതി അഫ്‌സലിനെ ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. 


ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് അനുജൻ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ മൽപ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സൽ ജേഷ്ഠനെ കുത്തി പരിക്കേൽപ്പിച്ചത്. വയറിനാണ് കുത്തേറ്റത്. 


വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധർമ്മടം പൊലീസും നാട്ടുകാരും ചേർന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. 
 

കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്‌സലിനെ തലശ്ശേരിയില്‍വെച്ചാണ് ധര്‍മടം പോലീസ് പിടികൂടിയത്. അഫ്‌സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.