കൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 14 വര്‍ഷം കഠിന തടവ്

hammer
 

തൃശൂര്‍: കൂട്ടുകാരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പതിനാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ചെമ്മണ്ണൂർ സ്വദേശി സുനിലിനെ ആണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. 

2011 ഒക്ടോബറിലാണ്  പീഡനം നടന്നത്. വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുഞ്ഞ് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു.

 ഗുരുവായൂർ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വിചാരണ തുടങ്ങിയതിനു ശേഷം പ്രതി ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോയി. എന്നാല്‍ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതോടെ ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയായിരുന്നു.