വീട്ടിൽ അതിക്രമിച്ചു കയറി 13 കാരിയെ പീ‍ഡിപ്പിച്ചു; 45 കാരന് 15 വർഷം കഠിനതടവ്

hammer
 

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ വർക്കല രാമന്തളി സ്വദേശി സുനിൽകുമാർ (45 ) ന് വ്യത്യസ്ത കുറ്റങ്ങൾക്കായി 15 വർഷവും 6 മാസവും കഠിനതടവിനും, 1,10,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 

2010 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അയൽവീടിന് മുൻവശത്ത് നിൽക്കവേ പ്രതി 13 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും തുടർന്ന് പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാരിയോട് പെൺകുട്ടി പ്രതി തന്നെ രണ്ട് ദിവസം മുൻപ് കഠിനമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന വിവരം പറയുകയായിരുന്നു. മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചകയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസീക്യൂഷൻ കേസ്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടതനുസരിച്ച് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ രണ്ട് മാസം കഠിനതടവും , അതിക്രമത്തിനിരയായ കുട്ടിയോട് കുറ്റകരമായ ഭീഷണിപ്പെടുത്തൽ നടത്തിയെന്ന കുറ്റത്തിന് ആറ് മാസം കഠിനതടവും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ അമ്പതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് വിക്ടിം കോമ്പൻസേഷൻ എന്ന നിലയിൽ നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധി ഉത്തരവുണ്ട്.