ഇടമലക്കുടിയിൽ പതിനാറുകാരിയെ വിവാഹം ചെയ്തു; 46കാരന്‍ അറസ്റ്റിൽ
Wed, 15 Mar 2023

ഇടുക്കി: മൂന്നാര്‍ ഇടമലക്കുടിയിൽ പതിനാറുകാരിയെ വിവാഹം ചെയ്തയാൾ പിടിയിൽ. ഇടമലക്കുടി സ്വദേശിയായ 46കാരനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപൂര്‍വം തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് 16കാരിയെ ഇയാൾ വിവാഹം ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ഈ സംഭവം കണ്ടെത്തിയത്. തുടർന്ന് മൂന്നാർ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. പിന്നാലെ പോക്‌സോ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇതോടെ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു.
പിന്നീട് ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇടമലക്കുടിയിലേക്ക് ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് പൊലീസ് തന്ത്രപരമായി ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.