പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ്

തൃശൂർ: പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി സിദ്ധീഖ് ബാഖവിയെയാണ് ശിക്ഷിച്ചത്. കുന്നംകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 60,000രൂപ പിഴയും ഇയാൾക്ക് കോടതി വിധിച്ചു.
2019 ജനുവരി മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വെച്ച് കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കളായി പ്രവർത്തിക്കേണ്ട അധ്യാപകർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ശിക്ഷ ഇത്തരക്കാർക്കൊരു മാതൃകയാകണമെന്നും കോടതി വ്യക്തമാക്കി.
2019 ജനുവരി മുതൽ തുടർച്ചയായി പലതവണ പഴുന്നാനയിലും, പന്നിത്തടത്തെ മദ്രസയിലും വച്ച് ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. കുട്ടി സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞത്. രാത്രി വൈകിയും അധ്യാപകൻ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി വെളിപ്പെടുത്തി. മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.
കുന്നംകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ ജി സുരേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസ് നടക്കുന്നതിനിടെ രണ്ടാം സാക്ഷി കൂറ് മാറി. കേസ് അട്ടിമറിക്കുന്നതിനായി പ്രതി ഭാഗം ഹാജരാക്കിയ സാക്ഷികളെ നിരാകരിച്ചാണ് കോടതി വിധി ന്യായം പുറപ്പെടുവിച്ചത്.