പൂജപ്പുര സിഐടിയു തൊഴിലാളിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു

murder case
തിരുവനന്തപുരം: പൂജപ്പുര സ്വദേശിയായ സി.ഐ.ടി.യു. തൊഴിലാളി സുനില്‍കുമാറിനെയും മകന്‍ അഖിലിനെയും കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു.2021 ഒക്‌ടോബര്‍ 12നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകങ്ങള്‍. സുനില്‍ കുമാറിൻറെ  മകളുടെ ഭര്‍ത്താവായ അരുണാണ് കേസിലെ പ്രതി. സുനില്‍കുമാറിൻറെ   മകള്‍ അപര്‍ണ്ണയെ ഭര്‍ത്താവായ അരുണ്‍ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. അരുണിനെതിരേ കുടുംബം പൊലീസിന് പരാതി നല്‍കി. ഫോര്‍ട്ട് പോലീസ്  അരുണിനെ വിളിച്ചു താക്കീത് നല്‍കിയതിന് ശേഷം സുനില്‍ കുമാര്‍ മകളെയും കുഞ്ഞിനേയും കുടുംബ വീട്ടില്‍ കൊണ്ടുവന്നു.

സംഭവ ദിവസം രാത്രി തൻറെ  ഭാര്യയെ കൊണ്ടുപോകണം എന്ന് പറഞ്ഞ് അരുണ്‍ സുനില്‍കുമാറിൻറെ  കുടുംബ വീട്ടിലെത്തി. കത്തിയുമായി അതിക്രമിച്ച്‌ കയറിയ പ്രതി അരുണ്‍, സുനില്‍ കുമാറിനെയും മകന്‍ അഖിലിനെയും കുത്തിക്കൊലപ്പെടുത്തി. വീട്ടില്‍ നിന്നു ബഹളം കേട്ട നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അരുണ്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അന്ന് തന്നെ പിടികൂടി. കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്ന് അരുണ്‍ ഇപ്പോഴും ജയിലിലാണ്.

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. സാജന്‍ പ്രസാദിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോളിളക്കം സൃഷ്‌ടിച്ച അപ്രാണി കൃഷ്‌ണകുമാര്‍ വധക്കേസ്, അനന്തു കൊലക്കേസ്, വിഷ്‌ണു വധം തുടങ്ങിയ കേസുകളിലും സാജന്‍ പ്രസാദ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു.