ഫിസിയോ തെറാപ്പിയുടെ പേരിൽ ലൈം​ഗിക പീഡനം; കോച്ചിനെതിരെ പരാതിയുമായി ഏഴ് പെൺകുട്ടികൾ

nagaraj

ചെന്നൈ: വനിതാ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പരിശീലകനെതിരെ പരാതിയുമായി കൂടുതൽ താരങ്ങൾ രം​ഗത്ത്. ചെന്നൈ സ്‌പോർട്‌സ് അക്കാദമി തലവനായ പി നാഗരാജിനെതിരേയാണ് ഏഴ് പേർ കൂടി പരാതിയുമായി രംഗത്തെത്തിയത്. 

നാഗരാജിന്‍റെ കീഴിൽ പരിശീലനം നേടിയവരാണ് ഇപ്പോൾ പരാതിയുമായി എത്തിയ പെൺകുട്ടികൾ. കായിക പരിശീലനത്തിനിടെ പരിക്കേൽക്കുമ്പോൾ ഫിസിയോ തെറാപ്പി ചികിത്സ നൽകുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ് പരാതി. ഭാവിയെ ബാധിക്കുമെന്ന ഭയത്താൽ ഇതേക്കുറിച്ച് പുറത്തു പറയാൻ മടിക്കുകയായിരുന്നുവെന്ന് താരങ്ങൾ വെളിപ്പെടുത്തി. 

തന്റെ കീഴിൽ പരിശീലനം നേടുന്നവർക്കു മാത്രമേ നാഗരാജ് വലിയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകാറുണ്ടായിരുന്നുള്ളു. ഈ സാഹചര്യം നാഗരാജൻ ചൂഷണം ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മെയിലാണ് 19കാരിയായ കായിക താരം നാഗരാജിനെതിരേ പരാതിയുമായി രംഗത്തു വന്നത്. തുടർന്ന് മെയ് 30ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.