നഗ്നവീഡിയോ പകർത്തി ഭീഷണി, ഏഴ് വർഷമായി പീഡനം; യുവതിയുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റില്‍

sexual assault case police officer arrested in thiruvananthapuram
 

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.  കു‌ഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‍സിപിഒയും കാച്ചാണി സ്വദേശിയുമായ സാബു പണിക്കറിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നൽകിയ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 

ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ വീഡിയോയാണ് ഇയാള്‍ പകര്‍ത്തിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് കേസിലെ പ്രതിയായ പോലീസുകാരന്‍. യുവതിയുടെ നഗ്‌ന വീഡിയോ കാട്ടി, പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 7 വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

മാത്രമല്ല യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി, ഹോട്ടലുകളില്‍ മുറി എടുത്ത് പലപ്പോഴും പീഡിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അടുത്തയിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്.
 
പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാര്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തു.  

 പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സാബുവിന്‍റെ സുഹൃത്തുക്കളും കാച്ചാണി സ്വദേശികളുമായ ഉദയ കുമാര്‍, സുരേഷ് എന്നിവരെയും ഐടി വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.