എസ്.ബി.ഐയുടെ ബാങ്കിംഗ് ആപ്പായ യോനോയുടെ പേരില്‍​ എസ്​.എം.എസ്​ തട്ടിപ്പ്​

yono

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് ആപ്പായ യോനോയുടെ പേരില്‍​ എസ്​.എം.എസ്​ തട്ടിപ്പ്​. ബാങ്കില്‍ നിന്നെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് സന്ദേശമയച്ചാണ്​ തട്ടിപ്പ്. 

യോനോ (YONO) ബാങ്കിങ്​ ആപ്ലിക്കേഷന്‍ ബ്ലോക്​ ചെയ്യപ്പെട്ടു എന്ന്​ എസ്​.എം.എസ്​ (SMS) സന്ദേശം അയക്കുന്നു. യഥാര്‍ഥ സന്ദേശമാണെന്ന് വിശ്വസിച്ച്‌ ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച്‌ നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. ഈ സമയം എസ്​.ബി.​െഎയുടേതാണെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ എസ്​.ബി.​െഎ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച്‌ ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. 

ബാങ്ക് അകൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പൊലീസ്​ അറിയിച്ചു. തട്ടിപ്പിനിരയാകാതിരിക്കാന്‍ ചില മാര്‍ഗങ്ങളും പൊലീസ്​ പങ്കുവച്ചിട്ടുണ്ട്​.

 
1. എസ്​.ബി.​ഐ ബാങ്കില്‍ നിന്ന്​ എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്ബറുകളില്‍ നിന്ന്​ വരുന്ന എസ്​.എം.എസ്​ സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.

2. എസ്​.എം.എസുകളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.

3. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആര്‍.എല്‍ (URL) ശ്രദ്ധിക്കുക. എസ്​.ബി.​െഎ അല്ലെങ്കില്‍ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തണം.

4. സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.