മിസ്ഡ് കാളിൽ തുടങ്ങി, കഥാപത്രങ്ങളായി ചമഞ്ഞ് തട്ടിപ്പ്,വീട്ടമ്മമാരെ കബിളിപ്പിക്കുന്ന സംഘം അറസ്റ്റിൽ

crime
കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ കബളിപ്പിച്ച്‌ 65 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും കവര്‍ന്ന സംഘം പ്രത്യേക പോലീസ്‌ സംഘത്തിന്റെ പിടിയില്‍.കൈപ്പമംഗലം കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ചാണ്‌ വീട്ടമ്മയുടെ 65 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും കവര്‍ച്ച ചെയ്‌തത്‌.സിനിമാനടി ഷംനാ കാസിമിന്റെ കൈയില്‍നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരുമാണ് പിടിയിലായവര്‍.

തട്ടിപ്പിന്റെ വഴിയിങ്ങനെ ,സംഘത്തിലുള്ള ഒരാള്‍ പല നമ്ബറുകളിലേക്ക്‌ മിസ്‌ഡ് കോള്‍ അടിക്കുന്നു. ചില വീട്ടമ്മമാര്‍ ആരെന്നറിയാതെ തിരിച്ചുവിളിക്കുന്നു.വളരെ മാന്യമായി അവരോട്‌ ഡോക്‌ടര്‍, എന്‍ജിനീയര്‍ അക്കൗണ്ടന്റ്‌ എന്ന പേരില്‍ പരിചയപ്പെടുത്തി സംസാരിച്ച്‌ അടുപ്പം സ്‌ഥാപിക്കുന്നു. കൂടാതെ വിശ്വാസത്തിനായി മുന്‍പേ തയാറാക്കിനിര്‍ത്തിയ ബാപ്പയുടെ റോളിലുള്ള ആളുമായി സംസാരിപ്പിക്കുന്നു.

വീട്ടമ്മയ്‌ക്ക് യാതൊരുവിധ സംശയവും ഉണ്ടാകാതെ ബാപ്പയും മോനും വിളി തുടരും..ഇതിനിടയില്‍ ബന്ധു എന്ന നിലയില്‍ മറ്റൊരുത്തനെ പരിചയപ്പെടുത്തി കൊടുക്കുന്നു. ക്രമേണ ബാപ്പയും മോനും കൂടി പലവിധ കാരണങ്ങള്‍ പറഞ്ഞു വീട്ടമ്മയില്‍നിന്നും സ്വര്‍ണാഭരണങ്ങളും പണവും ബന്ധു എന്നു പരിചയപ്പെടുത്തിയ ആള്‍ വഴി കൈക്കലാക്കുന്നു. കിട്ടിയ സ്വര്‍ണം പല സ്‌ഥലങ്ങളിലായി ഉയര്‍ന്ന വിലയ്‌ക്ക് പണയംവച്ചു പണം തുല്യമായി വീതിച്ചെടുക്കും. വീട്ടമ്മ സ്വര്‍ണമോ പണമോ തിരിച്ചു ചോദിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്‌തു മുങ്ങും.

ഇതിനിടയില്‍ വീട്ടമ്മമാരെ പറ്റി സംഘം കൃത്യമായി പഠിച്ചിരിക്കും. ഭര്‍ത്താവ്‌ വിദേശത്താണെങ്കില്‍ ഇവരുടെ തട്ടിപ്പിന്‌ പരിധികള്‍ ഉണ്ടാകില്ല.നാണക്കേട്‌ ഭയന്ന്‌ പല വീട്ടമ്മമാരും ഇത്തരത്തില്‍ പോയ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യങ്ങള്‍ പുറത്ത്‌ പറയാതെ പോകുന്നത്‌ പ്രതികള്‍ക്ക്‌ തുണയായിരുന്നു. പരാതി കിട്ടിയതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പഴുതടച്ച അന്വേഷണമാണ്‌ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്‌.

കൈപ്പമംഗലം തായ്‌ നഗര്‍ പുതിയവീട്ടില്‍ അബ്‌ദുള്‍ സലാം (24),ഏങ്ങണ്ടിയൂര്‍ ചേറ്റുവ അമ്ബലത്ത്‌ വീട്ടില്‍ അഷ്‌റഫ്‌ (53), വാടാനപ്പള്ളി ശാന്തിനഗര്‍ അമ്ബലത്ത്‌ വീട്ടില്‍ റഫീഖ്‌ (31) എന്നിവരെയാണ്‌ പ്രത്യേക പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌.അറസ്‌റ്റിലായ മൂന്ന്‌ പ്രതികള്‍ക്കും കാട്ടൂര്‍, വലപ്പാട്‌, വാടാനപ്പള്ളി പോലീസ്‌ സ്‌റ്റേഷനുകളിലും എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലുമായി കേസുകള്‍ നിലവിലുണ്ട്‌.