തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

arrested
 


കാസർക്കോട്: തിമിരടുക്കയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. 24കാരനായ അബ്ദുൽ റഹ്മാനെയാണ് വീട്ടിൽ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടു പോയത്. ബഷീർ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. 

നൗഷാദ് എന്നയാളുടെ വീടിൻറെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. 

ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ ഒരു സംഘം വളയുകയായിരുന്നു. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ കയറ്റിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ച യുവാവിന്റെ മാതാവിനും മർദ്ദനമേറ്റു. പരിക്കേറ്റ യുവാവ് മംഗൽപാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.