മൂന്നര വയസ്സുകാരിയെ സ്‌കൂൾ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവറുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

rape
 

ഭോപ്പാൽ: മൂന്നര വയസ്സുകാരിയായ നഴ്‌സറി വിദ്യാർഥിയെ സ്‌കൂൾ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവറും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. 

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രം മാറിയിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ വീട്ടുകാർ കുട്ടിക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോൾ ഡ്രൈവറെ കുട്ടി തിരിച്ചറിയുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ബസ് ഡ്രൈവർ മൂന്നു മാസം മുമ്പാണ് സ്‌കൂളിൽ ജോലിക്ക് ചേർന്നത്.
 
പീഡന വിവരം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം സിങ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് പ്രതികരണം തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് വിവരം. 

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവം എവിടെ വെച്ചാണ് നടന്നതെന്നും അന്വേഷിക്കുന്നുണ്ട്. പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.