ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കടത്ത്; 3 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് നാല് കിലോ കഞ്ചാവ്

cannabis
 

തിരുവനന്തപുരം : ആന്ധ്രപ്രദേശിൽ നിന്നും കാറിൽ കടത്തി കൊണ്ടു വന്ന നാല് കിലോ കഞ്ചാവുമായി മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേരെ പിടികൂടി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു (28), വെള്ളറട കലുങ്ക്നട ശാന്തറതലയ്ക്കൽ പുത്തൻവീട്ടിൽ വിപിൻ (26), തെന്നൂർ പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ, മുംതാസ് മൻസിലിൽ മുഹമ്മദ് (22), എന്നിവരെയാണ് സിറ്റി നർക്കോട്ടിക് സെല്ലിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതികൾ നർക്കോട്ടിക് സെൽ സ്പെഷ്യൽ ടീമിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു. 

ആന്ധ്രയിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി തമിഴ് നാടിന്റെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് നഗരത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽ നിന്നും മറ്റു ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് റെന്റ് എ കാർ വാടകയ്ക്കെടുത്താണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിലും മറ്റു അന്വേഷണങ്ങൾ നടത്തിയതിലും പ്രധാന പ്രതിയായ നന്ദു തൈക്കാട് ആശുപത്രി ഓഫീസിൽ കയറി ലാപ്ടോപ്പ് മോഷണം നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.