കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി

lynch
 

തൃശൂർ: കുന്നംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി തറയിൽ വീട്ടിൽ 18 വയസ്സുള്ള സച്ചിനാണ് മർദ്ദനത്തിനിരയായത്. 

എട്ട് പേരടങ്ങുന്ന സംഘം കാറിൽ കയറ്റി കൊണ്ടു പോയി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സച്ചിൻ ആശുപത്രിയിൽ ചികിത്സയിലാണ്.  

ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് കാണാൻ പോയ സച്ചിനെ രണ്ടുപേർ സൗഹൃദം നടിച്ച് ബൈക്കിൽ കയറ്റി കുന്നംകുളം കുറുക്കൻ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കൻപാറയിൽ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറിൽ കയറ്റി. അഞ്ചുപേർ സച്ചിനൊപ്പം കയറി. 

തുടർന്ന് കടങ്ങോട് ക്വാറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. കാറിൽ വച്ചും മർദനമുണ്ടായി. ഓടിരക്ഷപ്പെട്ട സച്ചിൻ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. എരുമപ്പെട്ടി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം അടിയേറ്റ സച്ചിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.