മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായി, സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

murder
കൊല്ലം: ചടയമംഗലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റിലായി.ഇളമാട് അമ്പലംകുന്ന് സ്വദേശികളായ അനില്‍കുമാറും സതീഷുമാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ നാലിന് രാത്രിയിലാണ് പരുക്കേറ്റ സതീശനും ആട് അനി എന്നറിയപെടുന്ന അനില്‍കുമാറും പട്ടാളം സതീഷെന്ന സതീഷും ചേര്‍ന്ന് മദ്യപിച്ചത്. പട്ടാളം സതിഷന്റെ വീട്ടിലിരുന്ന് മദ്യപിക്കെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിന്  ഇടയുണ്ടായി.

അമ്പലംകുന്ന് സ്വദേശി തന്നെയായ സതീശനെന്ന വ്യക്തിക്കാണ് മര്‍ദനമേറ്റത്.ആട് അനിയും പട്ടാളം സതീഷും ചേര്‍ന്ന് സതീശനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സതിശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

പരിശോധനയില്‍ സതീശന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സതീശന്റെ നില ഗുരുതരമായി തുടരുകയാണ്. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.