ഭുവനേശ്വര്‍: ഒഡിഷയിലും ഉത്തര മോഡല്‍ കൊലപാതകം. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകള്‍ ദേബസ്മിത എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കി.
ഒക്ടോബര്‍ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു പത്രയെന്ന് പൊലീസ് പറഞ്ഞു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ബസന്തിയുടെ പിതാവ് ഖല്ലി പത്ര തന്റെ മകളെയും പേരക്കുട്ടിയെയും വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മരുമകനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് ഗഞ്ചം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു.
മരണത്തിന്റെ രീതിയാണ് പൊലീസിന്റെ സംശയം ഉയര്‍ത്തിയത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാല്‍ എല്ലിന് തൊട്ടുമുകളില്‍) പാമ്പ് കടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് അതേ മുറിയില്‍ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധര്‍ പൊലീസിനെ അറിയിച്ചു. കടിയേറ്റ ശേഷം സഹായത്തിനായി നിലവിളിക്കാത്തതും അസാധാരണമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇവര്‍ മയക്കത്തിലായിരുന്നോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്രയുടെ വാദം. സംഭവം നടന്ന് ഒരു മാസത്തിലേറെയായത് തെളിവുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
അച്ഛന്റെ രേഖകള്‍ നല്‍കി പുതിയ സിം കാര്‍ഡ് എടുത്താണ് ഇയാള്‍ പാമ്പ് പിടുത്തക്കാരനെ വിളിച്ചത്. ഒക്‌ടോബര്‍ ആറിന് പോളസരയിലെ ഒരു പാമ്പ് പിടുത്തക്കാരനില്‍ നിന്ന് തനിക്ക് വീട്ടില്‍ ഒരു ചടങ്ങ് നടത്തണമെന്ന് പറഞ്ഞാണ് പത്ര പാമ്പിനെ വാങ്ങിയത്. പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങുന്ന മുറിയില്‍ വിട്ടു. സംഭവത്തില്‍ പാമ്പ് പിടുത്തക്കാരന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.കേസില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വളരെ അപൂര്‍വമായ കുറ്റകൃത്യമെന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. 2020 ല്‍, കൊല്ലത്ത് സമാനമായ സംഭവമുണ്ടായിരുന്നു.