ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഭര്‍ത്താവും സംഘവും അറസ്റ്റിൽ

crime

തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതികളായ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തന്നെ വിവസ്ത്രനാക്കി മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാളിയാര്‍ തച്ചമറ്റത്തില്‍ അനുജിത്ത് (21), സഹോദരന്‍ അഭിജിത്ത് (23), എറണാകുളം തൃക്കാരിയൂര്‍ തങ്കളം വാലയില്‍ ജിയോ (33), മുതലക്കോടം പഴുക്കാക്കുളം പഴയരിയില്‍ അഷ്‌കര്‍ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.

ഒരു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് അനുജിത്തിൻ്റെ ഭാര്യയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ വന്നത്. ഇരുപത്തിമൂന്നുകാരനാണ് ഇത് അയച്ചതെന്ന് പ്രതികള്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് തൊടുപുഴയില്‍ ഇവര്‍ യുവാവിനെ കണ്ടു. ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി ഒരുരാത്രി മുഴുവന്‍ മര്‍ദിച്ചു. തുടര്‍ന്ന് മണക്കാടെത്തിച്ച് അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിൻ്റെ മൊഴി.

ശനിയാഴ്ച രാവിലെ സംഘം യുവാവിനെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയും നല്‍കി. എന്നാല്‍ സംശയം തോന്നിയ പോലീസ് പ്രതികളെ തടഞ്ഞുവെയ്ക്കുകയും യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. ഇതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി യുവാവിൻ്റെ അമ്മയും പോലീസ് സ്റ്റേഷനിലെത്തി.

പീഡനവിവരം യുവാവ് ഡോക്ടറോടും പറഞ്ഞു. പരിശോധിച്ചപ്പോള്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി കണ്ടെത്തി. അശ്ലീലസന്ദേശം അയച്ചെന്ന പരാതിയില്‍ പീഡനത്തിനിരയായ യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സി ഐ വി സി വിഷ്ണുകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.