പിജി വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ; വിദ്യാർഥികൾ വെട്ടിലായി

students
 

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ആയതു കാരണം വിദ്യാർഥികൾ വെട്ടിലായി. 15–ാം തീയതി നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ 22, 24, 26 തീയതികളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 22–ാം തീയതിയാണ് നെറ്റ് പരീക്ഷ ആരംഭിക്കുന്നത്.
സെമസ്റ്റർ പരീക്ഷ മാറ്റിവയ്ക്കണമെന്ന് യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും തയാറാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി യൂണിയൻ അധികൃതർക്കു പരാതി നൽകിയിരുന്നു.

പരീക്ഷ മാറ്റുമോയെന്നറിയാൻ ഹെൽപ് ഡെസ്കിൽ വിദ്യാർഥികൾ വിളിച്ചപ്പോൾ മാറ്റുമെന്നായിരുന്നു മറുപടി. എന്നാൽ, 22–ാം തീയതിയിലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.