നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; സുമനസുകളുടെ സഹായം തേടി കുടുംബം

moli
 

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. നടിയെ ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യസ്ഥിതിയില്‍  പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് വിവരം.

മൂന്ന് ദിവസം മുന്‍പ് മോളി വീട്ടില്‍ ബോധം കെട്ട് വീഴുകയായിരുന്നു. കൊണ്ടുവന്ന അവസ്ഥയില്‍ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവില്‍ നിന്നും പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറയുന്നതെന്നും മകന്‍ ജോളി സ്വകാര്യ ചാനലിനോട് പറഞ്ഞു.

അതേസമയം, ആശുപത്രിയിലെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ പണമില്ലാത്ത അവസ്ഥയിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. ഐസിയുവില്‍ ഒരു ദിവസത്തേക്ക് 7,000 രൂപയാണ് ചെലവെന്നും മരുന്നുകള്‍ക്ക് 5,000 രൂപയുമാകുമെന്ന് മകന്‍ കൂട്ടിച്ചേര്‍ത്തു. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും ഇനി മുന്നോട്ട് എങ്ങനെയെന്ന് അറിയില്ലെന്നും സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും ജോളി പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മോളി കണ്ണമാലി ചികിത്സയിലായിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്ന് തളര്‍ന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648