പാപ്പന് ശേഷം മൂസയുമായി സുരേഷ് ഗോപി;ഫസ്റ്റ് ലുക്ക്

moosa
 

 സുരേഷ് ഗോപി നായകനാവുന്ന ചിത്രം മൂസയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. മേ ഹൂം മൂസ  എന്നാണ് ചിത്രത്തിന്റെ പേര്. കേന്ദ്ര കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പപ്‍ ലുക്കില്‍ കൊമ്പന്‍ മീശ വച്ചാണ് മൂസയെന്ന കഥാപാത്രം പോസ്റ്ററില്‍. 

ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്.ചിത്രത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ചിത്രത്തിന്‍റെ പാക്കപ്പ്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് പറഞ്ഞിരുന്നു. 

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്നത്.