വർഷങ്ങൾക്ക് മുൻപ് ഒരുപിടി സ്വപ്നങ്ങളുമായി കൊച്ചി നഗരത്തിൽ എത്തിപ്പെട്ട പതിനെട്ടു വയസ്സുകാരൻ;അനൂപ് മേനോന്റെ കിംഗ് ഫിഷ് തിയ്യറ്ററുകളിലേക്ക്;ഹൃദയം തൊടുന്ന കുറിപ്പുമായി മഹാദേവൻതമ്പി

mahadevan thampi
 

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ്ഫിഷ് എന്ന സിനിമ തിയറ്ററുകളിൽ എത്തുകയാണ്.ഈ അവസരത്തിൽ  കിങ്ഫിഷ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത മഹാദേവൻ തമ്പിയുടെ ഫേസ്ബുക് പോസ്റ്റാണ് ശ്രെദ്ധ നേടുന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയിൽ നിന്നും സിനിമട്ടോഗ്രാഫർ മഹാദേവൻ തമ്പിയിലേക്കുള്ള തന്റെ ജീവിതത്തിന്റെ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മഹാദേവൻ തമ്പി. ഒപ്പം സഹോദര തുല്യനായ അനൂപ് മേനോൻ നൽകിയ സ്നേഹവും അവസരവും മഹാദേവൻ തമ്പി എടുത്തു പറയുന്നുണ്ട്. സിനിമയെ സ്വപ്നം കാണുന്ന എല്ലാവർക്കും  ഈ കുറിപ്പ് ഒരു പ്രചോദനമാണ്.

മഹാദേവൻ തമ്പിയുടെ ഫേസ്ബുക് പോസ്റ്റ് 
ഇന്ന് വെള്ളിയാഴ്ച ആണ്. ഓരോ സിനിമാക്കാരന്റെയും ജീവിതം മാറി മറിയുന്ന ദിവസം. തീയറ്ററുകളിൽ പുതിയ ചിത്രങ്ങൾ എത്തുന്ന ദിവസം. ഒരുപാട് സിനിമാമോഹികൾ കാത്തിരിക്കുന്ന ദിവസം. നാളുകൾ ഏറെ ആയി ഞാനും ഈ ഒരു വെള്ളിയാഴ്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.മഹാദേവൻ തമ്പി എന്ന പേര് അവിടിവിടങ്ങളിൽ നിങ്ങൾ ചിലർ എങ്കിലും കേട്ടിട്ടുണ്ടാകും.നിശ്ചല ചായഗ്രഹകൻ മഹാദേവൻ തമ്പി.ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട, ഒരുപാട് നാളുകൾ കാത്തിരുന്ന ഈ വെള്ളിയാഴ്ചദിനമാണ്, സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയിൽ നിന്നും സിനിമട്ടോഗ്രാഫർ മഹാദേവൻ തമ്പിയിലേക്ക് ജീവിതത്തിലെ ഏറ്റവും സുന്ദരമായ മാറ്റം സംഭവിച്ച,എന്റെ സഹോദര തുല്യനായ അനൂപേട്ടൻ ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രം വലിയ സ്ക്രീനുകളിലേക്ക് എത്തുന്നുത് 
   

 വർഷങ്ങൾക്ക് മുൻപ് ഒരുപിടി സ്വപ്നങ്ങളുമായി കൊച്ചി നഗരത്തിൽ എത്തിപ്പെട്ട പതിനെട്ടു വയസ്സുകാരൻ പയ്യനിലേക്ക് അറിയാതെ ഓർമ്മകൾ തിരികെ പോകുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നും സിനിമ തേടി കൊച്ചി നഗരത്തിൽ എത്തുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് വണ്ടിക്കൂലിയും എങ്ങനെയൊക്കെയോ പല ജോലികൾ ചെയ്ത് പണമുണ്ടാക്കി വാങ്ങിയ  ഒരു ചെറിയ ക്യാമറയും മാത്രമായിരുന്നു.വലിയൊരു ലക്ഷ്യം ഉണ്ടായിരുന്നു,വഴികളോ ദിശകളോ അറിയാതെ പകച്ചു നിന്നപ്പോഴൊക്കെ ദൈവം കൈപിടിച്ച് നടത്തിയത് പോലെ സിനിമയിൽ എത്തിപ്പെട്ടു. എൻ എൽ ബാലകൃഷ്ണൻ സറിനെ പോലുള്ളവരെ അടക്കം ഗുരുസ്ഥാനത്ത് ലഭിച്ചത് കൊണ്ടാകണം പിന്നീടങ്ങോട്ട് ഇക്കാലമത്രയും ഒരുപടി നല്ല ചിത്രങ്ങൾ എന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തു.ഭാഗ്യവും ഗുരുത്വവും ക്യാമറയോടുള്ള പ്രണയവും തീവ്രമായതിനാൽ ആകണം ഉലക നായകൻ കമലഹാസൻ സാറും നമ്മൾ ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരങ്ങൾ ആയ നമ്മുടെ സ്വന്തം ലാലേട്ടൻ, മമ്മൂക്ക തുടങ്ങി ഈ കാലഘട്ടത്തിൽ മലയാള സിനിമ കണ്ട ഒട്ടുമിക്ക നടീ നടന്മാരെയും എന്റെ ക്യാമറ കണ്ണിലൂടെ കാണാനും ഒരുമിച്ച് ജോലി ചെയ്യാനും സാധിച്ചു.സ്റ്റിൽസ്, മഹാദേവൻ തമ്പി എന്ന് ആദ്യമായി ബിഗ് സ്ക്രീനിൽ കണ്ട ദിവസം വരെയും തുടർന്ന് ഇങ്ങോട്ടും ഞാൻ ചെയ്ത യാത്രയിലെ വഴികൾ ഒന്നും പട്ടു പരവതാനിയിൽ പനിനീർ പൂക്കൾ വിതറിയ സുന്ദരമായ പാതയിലൂടെ ആയിരുന്നില്ല. വിശപ്പിന്റെ, കണ്ണീരിന്റെ, അവഗണനകളുടെ, കുറ്റപ്പെടുത്തലിന്റെ മാറ്റി നിർത്തപ്പെടലിന്റെ എല്ലാം ആകെ തുക തന്നെ ആയിരുന്നു ക്യാമറയും ആയുള്ള എന്റെ പ്രയാണവും ക്യാമറയോടുള്ള എന്റെ പ്രണയവും.
 

     കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തിനു മേൽ ഇത്രയധികം നിയന്ത്രണങ്ങളും ആഘാതങ്ങളും ഏൽപ്പിച്ചില്ലായിരുന്നു എങ്കിൽ കുറച്ചു നാളുകൾക് മുൻപേ കിങ് ഫിഷ് നിങ്ങളിലേക്ക് എത്തിയേനെ.വെറും ഒരു സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്ന എന്നെ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുക എന്ന വലിയ ഉത്തരാവാദിത്വം ഏൽപ്പിച്ചപ്പോൾ അനൂപ് മേനോൻ എന്ന കലാകാരൻ എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.ഏതാണ്ട് പതിനഞ്ചു വർഷമായി എന്റെ വളർച്ചകളിലും വീഴ്ചകളിലും  സ്വന്തം ജേഷ്ഠനെപ്പോലെ കൂടെ നിന്ന അനൂപേട്ടൻ എനിക്ക് തന്ന സ്നേഹത്തിനും വിശ്വാസത്തിനും പകരമായി ഞാൻ തിരിച്ചു നൽകിയത് കിങ് ഫിഷ് എന്ന സിനിമയിലെ മനോഹര ദൃശ്യങ്ങൾ ആയിരിക്കും എന്നതാണ് എന്റെ വിശ്വാസം.അത് കൊണ്ട് തന്നെ ആകണം അനൂപേട്ടൻ നിർമിച്ച പത്മ എന്ന ചിത്രത്തിന്റെയും ക്യാമറ ചെയ്യാൻ രണ്ടാമത് ഒരവസരം കൂടി എനിക്ക് നൽകിയതും.അദ്ദേഹത്തോടുള്ള നന്ദി ഒരു ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയോ ഏതാനം ചില വാക്കുകളിലൂടെയോ പ്രകടിപ്പിക്കാൻ കഴിയുന്നതല്ല. അതിന് ഞാൻ മുതിരുന്നുമില്ല 


     ജനനം മുതൽ മക്കളെ സ്നേഹിച്ചു തുടങ്ങുന്ന അമ്മയും മകനും  പോലെ ആയിരുന്നു ഞാനും കിങ് ഫിഷ് എന്ന സിനിമയും ആയുള്ള സ്നേഹം.ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു നാളെ മുതൽ തീയറ്ററിൽ എത്തുന്ന കിങ് ഫിഷ് അനൂപേട്ടന്റെ വിരൽത്തുമ്പുകളിൽ പിറവികൊണ്ട കാലം മുതൽ ഞാൻ ഈ സിനിമയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.ജീവിതത്തിലെ വിലപ്പെട്ട പലതും മാറ്റി നിർത്തിക്കൊണ്ട് രാവും പകലും ഒരു നല്ല സിനിമക്കായി പ്രവർത്തിച്ചു.കഷ്ടപ്പെടുക എന്നതല്ലാതെ വിജയത്തിലേക്ക് മറ്റ് വഴികൾ ഒന്നും ഇല്ല  എന്ന് ജീവിതം എന്നെ പഠിപ്പിച്ചിരുന്നു. അത് കൊണ്ട് തന്ന ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ടു, ഒരുപാട് ഒരുപാട്.ജീവിതത്തിലെ ഏറ്റവും സുന്ദരാമായതും, വേദനിപ്പിക്കുന്നതുമായ അനുഭവങ്ങൾ നൽകിയ സിനിമ എന്ന് വേണം ഞാൻ കിങ് ഫിഷിനെ പറ്റി പറയുവാൻ.അത്രയേറെ ഓർമ്മകൾ ഉണ്ട് മനസ്സിൽ.അതുകൊണ്ട് തന്നെ ഈ ചിത്രത്തോടുള്ള വൈകാരികമായ അടുപ്പം വിവരിക്കാൻ തക്ക വാക്കുകൾ ഒന്നും മനസ്സിൽ വരുന്നുമില്ല.വിലപ്പെട്ട സമയവും വ്യക്തി ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളും ഉൾപ്പെടെ പലതും ത്യജിച്ചു.സിനിമ ഇറങ്ങാൻ വൈകിയപ്പോൾ ഒരുപാട് വേദനിച്ചു. ഒന്നോ രണ്ടോ ദിവസം അല്ല.ഒരുപാട് നാളുകൾ.എന്റെ മാത്രമല്ല ഒരുപിടി നല്ല കലാകാരന്മാരുടെ എല്ലാവരുടെയും കഷ്ടപ്പാടിന്റെ ആകെ തുകയാണ് ഇന്ന് തീയറ്ററുകളിൽ എത്തുന്നത്.അത് കൊണ്ട് അൻപതോളം സിനിമകളിൽ ജോലി ചെയ്ത എന്റെ മനസ്സ് ഇന്നേ വരെ കടന്ന് പോകാത്ത സംക്ഷോഭത്തിലൂടെയും ആകാംഷയിലൂടെയും ആണ് കടന്ന് പോകുന്നത്.ഞാൻ ഉൾപ്പെടെ ഈ ചിത്രത്തിനായി പ്രവർത്തിച്ച എല്ലാ കലാകാരന്മാരുടെയും കഷ്ടപ്പാടിന്റെ ഫലം നാളെ നിറഞ്ഞ കയ്യടികളും വളരെ നല്ല അഭിപ്രായങ്ങളും ആയി ലഭിക്കും എന്ന പ്രതീക്ഷയിൽ ആദ്യ പ്രദർശനത്തിനായി സന്തോഷത്തോടെ, പ്രാർത്ഥനയോടെ അതിലേറെ ആകാംഷയോടെ കാത്തിരിക്കുന്നു....